Thursday, March 12, 2015

ആട്ടിന്കുട്ടി



ഗേറ്റ് കടന്നപ്പോഴേ വീട്ടിനു അകത്തു ചിരിയുടെ അലകള്‍ കേള്ക്കാം . അവള്ക്കു മനസ്സിലായി ചിറ്റയുടെ പുതിയ കൂട്ടുകാരന്‍ ആണ് അകത്ത്.
അവള്‍ അകത്തേക്ക് കയറിയില്ല. അപ്പുറത്തെ വീട്ടിലേക്ക്‌ നടന്നു.
അനു വന്നിട്ടുണ്ടാകുമോ. അവള്ക്ക് ഈയിടെ ആയി കൂടുതല്‍ സമയം ആണ് ക്ലാസ്. വന്നില്ലെങ്കിലും ഇരുട്ട് ആകുന്നത് വരെ അവിടെ ഇരിക്കാം.
``അനു എത്തിയോ ആന്റി’’.
``വന്നില്ലാലോ മോളെ’’. പദ്മ ആന്റി മറുപടി പറഞ്ഞു.
``മോള് കയറി ഇരിക്ക്’’. ആന്റി ടി വി വച്ച് കൊടുത്തു.
മേശപ്പുറത്തു പലതരം പലഹാരങ്ങള്‍.
അമ്മ പോയ ശേഷം ഇവിടെ വരുമ്പോള്‍ ആണ് സന്തോഷത്തോടെ വയറു നിറയെ കഴിക്കുന്നത്‌. അവള്‍ ഓര്ത്തു.
അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തിന് എന്ത് രുചി ആയിരുന്നു. ഇന്ന് എല്ലാം ഓര്മ മാത്രം ആണ്.
``എങ്ങനെ പോകുന്നു, ജോലി ഒക്കെ’’ ആന്റി ചോദിച്ചപ്പോള്‍ അവള്ക്ക് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു.
നന്നായി പോകുന്നു. അവള്‍ വെറുതെ പറഞ്ഞു.
എന്നും അങ്ങനെ ആണല്ലോ ``മനസു തുറന്നു സംസാരിക്കാത്തത് ആണ് ഈ കുട്ടിയുടെ പ്രശ്നം’’. ഇടയ്ക്കു മനസു പിടിവിട്ടു പോകും എന്നായപ്പോള്‍ കണ്ട ഡോക്ടര്‍ പറഞ്ഞതാണ്‌.
വല്ലപ്പോഴും ബന്ധുക്കളെ ഒക്കെ കാണാന്‍ പോകാന്‍ പറയണം. കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍ കാണില്ലേ. അനു എല്ലാത്തിനും തല കുലുക്കി.
അവള്‍ ആലോചിക്കുക ആയിരുന്നു, ആരാണ് ഇപ്പോള്‍ ബന്ധുക്കള്‍ ആയി ഉള്ളത്. ഏക മകള്‍ മരിച്ച ദുഃഖത്തില്‍ ഓര്മ നശിച്ചു കുട്ടിക്കാലത്തേക്ക് തിരിച്ചു നടന്നു, മകന്റെ തണലില്‍ കഴിയുന്ന അപ്പൂപ്പനോ. ആ മുഖം കണ്ടാല്‍ അമ്മയെ ഓര്മ വരും പിന്നെ ഇത്ര പോലും ഉത്സാഹം തനിക്കു കാണില്ല.
അതോ മന:പ്രയാസത്തില്‍ ചങ്ക് തകര്ന്നു മരിച്ച അച്ഛനോ?? ഏതു നിമിഷവും തന്നെ വിറ്റ് തുലക്കാന്‍ ശ്രമിക്കുന്ന ചിറ്റയോ. അതോ ചേച്ചിയെ വാല്യക്കാരി ആയി മാത്രം കാണുന്ന ചിറ്റയുടെ മോളോ. ആരാണ് ഇന്ന് ബന്ധു ആയി ഉള്ളത്.
``ഞാന്‍ ഗുളിക തരാം, പക്ഷെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കണം. അതാണ് യഥാര്ത്ഥ പരിഹാരം’’. ഡോക്ടറുടെ വിധി എഴുത്ത്.
മരുന്ന് മുടങ്ങാതെ കഴിക്കുന്നുണ്ട്. അനു മാത്രമാണ് എല്ലാം അറിയുന്ന കൂട്ടുകാരി. അവള്‍ അറിഞ്ഞ കാര്യങ്ങള്‍ ഒന്നും ആന്റിയോട്‌ പോലും പറഞ്ഞില്ല. വെറുതെ സംസാരിച്ചു ഒന്നും വലുതാക്കേണ്ട. നിരാശ ഇങ്ങനെ ചില കവലകളില്‍ മനുഷ്യനെ കൊണ്ടെത്തിക്കും. ഒരു പുതിയ ജീവിതം കിട്ടുമ്പോള്‍ മാറിപ്പോകും, നിന്റെ അലസത എല്ലാം.
ഇവള്‍ കൂടി അടുത്ത് ഇല്ലാതിരുന്നെങ്കില്‍??? ആലോചിക്കാന്‍ വയ്യ.
രാത്രി കനത്തു തുടങ്ങിയപ്പോള്‍ അവള്‍ ഇറങ്ങി നടന്നു. അപ്പോഴും അവിടെ സന്ദര്ശകന്റെ ബഹളം കേള്ക്കു ന്നു. അവള്‍ വീടിനുള്ളില്‍ കയറിയില്ല. പശു ഒഴിഞ്ഞ തൊഴുത്തില്‍ ഇരുപ്പ് ഉറപ്പിച്ചു. മുത്തശ്ശന് വയ്യാതെ ആയ ശേഷം ആണ് പശുക്കളെ കൊടുത്തത്. അന്ന് ഏഴു എട്ടു വയസ് ആണ് പ്രായം. അന്ന് രാത്രി ഉറങ്ങാതെ ആണ് കഴിഞ്ഞത്. രാവിലെ എണീറ്റ്‌ പല്ല് തേക്കാന്‍ നേരം തൊഴുത്തിന് അടുത്ത് ചെന്നപ്പോള്‍ ആണ് അവിടെ ഒഴിഞ്ഞു കിടക്കുന്ന കാര്യം ഓര്മ വന്നത്.
ഇപ്പോള്‍ അവിടെ ചിറ്റ സ്വന്തം തുണികള്‍ കഞ്ഞി പിഴിഞ്ഞു ഇട്ടു വടിവ് ഒപ്പിച്ചു എടുക്കാന്‍ ഉപയോഗിക്കുന്നു. തുണികള്ക്കിടയില്‍ ഒരാള്‍ ഇരുന്നാല്‍ അറിയുക ഇല്ല. മുന്‍ വശത്തെ റോഡിലൂടെ പോകുന്നവര്‍ കണ്ടാല്‍ പിന്നെ അതൊരു ശല്യം ആകും.
അപ്പുറത്ത് കോളനി ആയതു കൊണ്ട് സന്ധ്യക്ക്‌ ശേഷം വലിയ ബഹളം കേള്ക്കാ റുണ്ട്. കൂടുതലും ബോധമില്ലാത്ത പുരുഷന്മാര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ആണ്.
ഇടയ്ക്കു പോലീസ് വരാറുണ്ട്, പിന്നെ സര് വകക്ഷി രാഷ്ടീയ സമ്മേളനം. ഒത്തു തീര്പ്പ് കഴിഞ്ഞു അവര്‍ പോയി ക്കഴിയുന്നതും അടുത്ത അടി കലശല്‍ നടക്കും. പക്ഷേ പുറത്തു നിന്നും ആരെങ്കിലും, വെറുതെ നാലു ചീത്ത പറഞ്ഞാല്‍ പോലും, കോളനി ഇളകി വരും. അതാണ് അവരുടെ ഐക്യം.
അകത്തു ഭക്ഷണം വിളമ്പുന്ന ഒച്ച കേള്ക്കാം . ആ വിരുതന്‍ തന്നെ അന്വേഷി ക്കുന്നുണ്ട്.
``അത് അപ്പുറത്തെ വീട്ടിലെങ്ങാനും കാണും’’. ചിറ്റ പറയുന്നത് കേട്ടു.
വഷളന്‍. ഈയിടെ ആയി വല്ലാത്ത നോട്ടവും അര്ഥം വച്ച സംസാരവും ആണ്.
അടുത്ത് ഒരു ദിവസം ചിറ്റക്ക് ഏതോ കല്യാണത്തിന് പോകാനാണ് ആ മാല അയാള്‍ കൊണ്ട് വന്നത്. അയാള്‍ വന്നത് അറിയാതെ മുന്‍ വശത്ത് ചെന്ന തന്റെ നേര്ക്ക് മാലയും കൊണ്ട് കുറെ കറങ്ങി നടന്നു. വല്ല വിധേനയും ആ കുരുക്ക് കഴുത്തില്‍ വീഴാതെ രക്ഷപ്പെട്ടു ഓടുക ആയിരുന്നു. ഓടി വന്നു കിടക്കയില്‍ വീണു. തലയിണയില്‍ അന്ന് വിവിധ ചിത്രങ്ങള്‍ വിരിഞ്ഞു. കണ്മഷി ഊര്ന്നു വീണിട്ടു.
അമ്മയെ ആണ് ഓര്ത്തു പോയത്, താഴത്തും തലയിലും വയ്ക്കാതെ കൊണ്ട് നടന്ന മകള്‍ ഇന്ന് ചെന്നായയുടെ പിടിയില്‍പ്പെടാതെ രക്ഷേപ്പെടാന്‍ സ്വന്തം വീട്ടില്‍ നിന്നും ഓടി പ്പോകേണ്ട അവസ്ഥ.
ഒരിക്കലും ആണ്കുട്ടികളുടെ കയ്യില്‍ നിന്ന് ഒരു സമ്മാനവും വാങ്ങരുത്. കുഞ്ഞിലെ അമ്മമ്മ പറഞ്ഞു തന്നത് ഓര്ത്താണ് ഇത്രേം വെപ്രാളം തോന്നിയത്. പുതിയ ഒരു ജീവിതം ഉണ്ടെങ്കില്‍, മനസ് കൊണ്ട് പോലും ഒരു കളങ്കം വേണ്ട എന്നാ തീരുമാനം. അതില്‍ മാറ്റം വന്നാല്‍ എന്ത് ചെയ്യണം എന്നും നിശ്ചയിച്ചു ഉറപ്പിച്ചിട്ടുണ്ട്.
തന്റെ ഇഷ്ടമില്ലാതെ ആരെങ്കിലും ദേഹത്ത് തൊട്ടാല്‍ പോലും........ അന്ന് അമ്മക്ക് അടുത്ത് എത്തിയിരിക്കും. അമ്മയുടെ പടത്തിന് മുന്നില്‍ വച്ച് സത്യം ചെയ്തത് ആണ്.
രാത്രി ഏറെ വൈകി ആണ് ചിറ്റയുടെ കൂട്ടുകാരന്‍ പോയത്. അങ്ങനെ ആണ് പറഞ്ഞത് എങ്കിലും അമ്മയോടും മകളോടും ഉള്ള അയാളുടെ പെരുമാറ്റം അത്ര പന്തി ആയി തോന്നിയില്ല.
സന്ദര്ശകന്‍ വലിച്ചെറിഞ്ഞ എച്ചിലും കണ്ടു കൊണ്ട് വായില്‍ പച്ചവെള്ളം നിറച്ചു അവള്‍ നീണ്ടു നിവര്ന്നു കിടന്നു. പുതപ്പു വലിച്ചു മൂടി, ഇനി നാളെ വൈകിട്ട് വരെ സന്തോഷം ആണ്. അവധി ആണല്ലോ. പക്ഷേ വൈകിട്ടായാല്‍ പിന്നെ സ്വയം രക്ഷപ്പെടാനുള്ള നെട്ടോട്ടം ആണ്. അത് ഓര്ത്തപ്പോള്‍ ഇനി ഒരിക്കലും നേരം വെളുക്കരുതേ എന്നവള്‍ പ്രാര്ത്ഥിച്ചു.

No comments: