Thursday, March 12, 2015

സാക്ഷി

അന്ന് അവള്‍ പറഞ്ഞിട്ടാ ആ പേര മരത്തില്‍ വലിഞ്ഞു കയറിയത്.........കാലിലെ മുറിവില്‍ തൊട്ടാവാടി ഇല പറിച്ചു വച്ച് ഞാന്‍ പറഞ്ഞു. ``സാരമില്ല. വേദന ഇല്ല.’’

അവള്‍ വലിയ വായില്‍ നിലവിളിച്ചു. പിന്നെ ഒരാഴ്ച പുറത്തിറങ്ങാന്‍ വയ്യാതെ കിടന്നപ്പോഴാണ്‌ ആ സത്യം മനസ്സിലായത്. നിറഞ്ഞു തുളുമ്പിയ ആ കണ്ണുകള്‍ അങ്ങ് ആഴത്തിലെവിടെയോ......എത്ര ശ്രമിച്ചിട്ടും മാഞ്ഞു പോകാതെ.......

ആ ദിവസങ്ങളില്‍ അവള്‍ കിടക്കയ്ക്ക് അടുത്ത് നിന്നും മാറാതെ. അവള്‍ ഊതി  തണുപ്പിച്ചാണ് ആ മുറിവുകള്‍ വേഗം ഉണക്കിയത്‌ എന്ന് വിശ്വസിക്കാന്‍ ആയിരുന്നു എനിക്ക് ഇഷ്ടം. പിന്നെ ആ കണ്ണുകള്‍ നിറയാതിരിക്കാന്‍ ആണ് എന്നും ശ്രമിച്ചത്‌.

അത് കൊണ്ടാണല്ലോ തന്‍റെ കരള്‍ പിടഞ്ഞിട്ടും അവള്‍ക്കു ബോംബെക്കാരന്റെ ആലോചന വന്നപ്പോള്‍ സന്തോഷം അഭിനയിച്ചു യാത്ര ആക്കിയത്. മനസ്സിലെ സുനാമി ഇന്നും അടങ്ങിയിട്ടില്ല. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു........... ആ രണ്ടു കണ്ണുകള്‍ ഇന്നും .....................

വീണ്ടും കണ്ടു കാവിലെ പാട്ട് ഉത്സവത്തിന്‌. അന്ന് അവള്‍ ഒരു മാസം നിന്നപ്പോള്‍ ആണ് മനസ്സിലായത്, അന്നത്തെ പൊട്ടിപ്പെണ്ണിനു ഒരു മാറ്റവും വന്നില്ല എന്ന്. എന്നിട്ടും ദേഹത്താകെ കരുവാളിച്ചു കിടക്കുന്ന പാടുകളെക്കുറിച്ച് എത്ര ചോദിച്ചിട്ടും ഒന്നും പറയാന്‍ അവള്‍ കൂട്ടാക്കിയില്ല. ഒടുവില്‍ മടങ്ങിപ്പോകുന്നതിനും രണ്ടു ദിവസം മുന്‍പ് അവള്‍ പറഞ്ഞു. മേലുദ്യോഗസ്ഥനു മുന്നില്‍ പോകാത്തതിന് ......... എല്ലാം പൊള്ളിച്ച പാടുകള്‍ ആണെന്ന്.

ഞാന്‍ ചിലതൊക്കെ തീരുമാനിച്ചിട്ടുണ്ട്. മറ്റെന്തും ഞാന്‍ സഹിക്കും ശിവേട്ടാ.......വലിഞ്ഞു മുറുകിയ--എനിക്ക് അപരിചിതമായ—ആ മുഖം കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി അവള്‍ എത്ര മാത്രം ഉള്ളില്‍ ഒതുക്കുന്നു എന്ന്. എന്നിട്ടും അവള്‍ക്കു ഒന്നിനും കഴിയില്ലെന്ന് തന്നെ ഞാന്‍ വിശ്വസിച്ചു. അല്ലെങ്കിലും ഇന്ന് വെറും കേള്‍വിക്കാരന്‍ മാത്രം ആകാനേ  എനിക്ക് പറ്റൂ.

കുറച്ചു ദിവസം കഴിഞ്ഞാണു ഇടി വെട്ടേറ്റ പോലെ ആ വാര്‍ത്ത‍ വന്നത്.........എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല. മടങ്ങിപ്പോയപ്പോള്‍ അവള്‍ കുഞ്ഞുങ്ങളെ കൂട്ടാത്തതിനു കാരണം അപ്പോള്‍ ആണ് എനിക്ക് മനസ്സിലായത്.


അല്പായുസ്സ് എന്ന് എല്ലാവരും വിധി എഴുതുമ്പോഴും ഞാന്‍ മാത്രം അറിഞ്ഞ മറ്റാരും അറിയേണ്ട എന്നവള്‍ ആഗ്രഹിച്ച കാര്യങ്ങള്‍.........—നിറഞ്ഞു തുളുമ്പിയ ആ കണ്ണുകള്‍--മനസ്സില്‍ ഒരു വിങ്ങലായി.......... 

No comments: