Friday, May 1, 2015

പിറന്നാള്‍ സമ്മാനം

എന്‍റെ ശ്രമം പാഴാവുക ആണോ? ഏട്ടന്‍ അറിയാതെ ഇറങ്ങി തിരിച്ചത് കൊണ്ടാണോ? അവള്‍ കൂട്ടുകാരിയോട് സങ്കടം പറഞ്ഞു.
നാളെ അമ്പലത്തില്‍ പോകുമ്പോള്‍ അതിശയിപ്പിക്കാന്‍ വേണ്ടി ഇറങ്ങി തിരിച്ചത് ആണ്. പിറന്നാളിന് എപ്പോഴും നല്‍കുന്നതാണ് ഒരു സമ്മാനം. ഈ വര്‍ഷം അത് ഒരു ഷര്‍ട്ട് ആകട്ടെ എന്ന് തീരുമാനിച്ചത് അബദ്ധമായോ?
താന്‍ കൊടുക്കുന്നതല്ലാതെ വേറെ ഇഷ്ടങ്ങള്‍ പറയാറെ ഇല്ല. അച്ഛനും അമ്മയും കൂട്ടുകാരെപ്പോലെ ആണ് എട്ടന്. അത് കൊണ്ട് തന്നെ ഒന്നിനും ഒരു വാശിയും ഇല്ലാത്ത പ്രകൃതം. മനുഷ്യന് ചില്ലറ വാശിയൊക്കെ ആകാം എന്ന് പറഞ്ഞപ്പോള്‍ വെറുതെ ചിരിച്ചു.
ഏട്ടന്‍റെ അച്ഛന്റെ മലയാളം സാഹിത്യ ക്ലാസ്സില്‍ ഇരുന്നു പഠിച്ചപ്പോള്‍ ഒരിക്കലും ചിന്തിച്ചില്ല മരുമകള്‍ ആയി ആ പടി കടന്നു ചെല്ലും എന്ന്. എല്ലാം നിയന്ത്രിക്കുന്നത് നമ്മള്‍ മനുഷ്യര്‍ അല്ലല്ലോ. അതിനു മുകളില്‍ ആരോ ചരട് വലി നടത്തുക അല്ലേ.
അദ്ദേഹത്തിന്‍റെ എഴുത്തിന്‍റെ വലിയ ആരാധിക ആയിരുന്നു എന്നും. പകര്‍ത്തി എഴുതുന്നതും തിരുത്തുന്നതും എല്ലാം വലിയ ഇഷ്ടം. അച്ചടിച്ച പോലെ ഉള്ള കയ്യക്ഷരം. അച്ഛന്‍ എന്നും പറഞ്ഞു.
പരീക്ഷ കഴിയുന്നതിനു മുന്‍പ് തന്നെ വിവാഹ നിശ്ചയം കഴിഞ്ഞു. പുതിയ വീടിന്‍റെ പാല് കാച്ചല്‍ ചടങ്ങിലാണ് ഏട്ടനെ ആദ്യമായി കാണുന്നത്. ഒരു മരുമകള്‍ക്ക് ഉള്ള എല്ലാ സ്വാതന്ത്ര്യവും അന്ന് അച്ഛനും അമ്മയും തന്നു. വിളക്ക് കൊണ്ട് കേറിയപ്പോള്‍ നേരിയ ഭയം ആയിരുന്നു. എല്ലാം നല്ലതാവാന്‍ പ്രാര്‍ത്ഥിച്ചു കയറി. ഇന്നേ വരെ ഒരു വിഷമവും ഉണ്ടായിട്ടില്ല. അച്ഛന്റെയും അമ്മയുടെയും പ്രാര്‍ത്ഥനയുടെ ശക്തി കൊണ്ടാകും.
അവസാന ദിവസം പരീക്ഷ കഴിഞ്ഞു അമ്മാവനോടൊപ്പം അവരുടെ വീട്ടില്‍. ഏട്ടന്‍ അപ്പോള്‍ മദ്രാസില്‍ ആണ്. അന്നു ആ മുറി ഒക്കെ അടുക്കി ഒതുക്കി വച്ചപ്പോള്‍ ആണ് കണ്ടത് ആ മനസ്സില്‍ എത്ര ആഴത്തില്‍ പതിഞ്ഞതാണ്  തന്‍റെ മുഖം എന്ന്.  ഒറ്റയ്ക്ക് വളര്‍ന്നത്‌ കൊണ്ട് എന്നും പുസ്തകങ്ങള്‍ ആയിരുന്നു കൂട്ട്. അത് കൊണ്ട് തന്നെ സംസാരവും വളരെ കഷ്ടി. ഫോണ്‍ വിളിയൊന്നും ഇല്ല. ചെറുപ്പക്കാരുടെ കുസൃതി ഒന്നും ഇല്ലായിരുന്നു. അച്ഛനും അമ്മയും നിര്‍ബന്ധിച്ചാല്‍ ഒന്ന് വിളിച്ചെങ്കില്‍ ആയി.
അന്ന് രാത്രി അച്ഛനെ വിളിച്ചപ്പോള്‍ അറിഞ്ഞു ഫസ്റ്റ് എയിഡ് ക്ലാസ് നടക്കുമ്പോള്‍ തല ചുറ്റി വീണ ഏട്ടന്‍റെ വിശേഷം. ഭര്‍ത്താവ് അകലെ ആയ ഭാര്യയുടെ വേദന ആയിരുന്നു അപ്പോള്‍. പിന്നെയും ഒരു വര്‍ഷം കഴിഞ്ഞു വിവാഹം നടന്നപ്പോള്‍  `വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു’ എന്ന വാക്കുകള്‍ സത്യം ആയ പോലെ.
മകള്‍ വന്നപ്പോള്‍ ലോകം അവളിലേക്ക്‌ ചുരുങ്ങി....... അച്ഛന്റെ പെട്ടെന്നുള്ള മരണം........ മോള്‍ ആണ് ആ സങ്കടത്തില്‍ പിടിച്ചു നില്ക്കാന്‍ എല്ലാവരെയും സഹായിച്ചത്. അച്ഛന്‍ ആയിരുന്നു തന്‍റെ ഭാവിയെക്കുറിച്ച് വലിയ സ്വപ്‌നങ്ങള്‍ കണ്ടത്. `ഒരിക്കലും റിട്ടയര്‍ ചെയ്തു വെറുതെ ഇരിക്കില്ല തീര്‍ഥാടനത്തിനു പോകും’ എന്ന വാക്കുകള്‍ സത്യമാക്കിയത് പോലെ ആയിരുന്നു അച്ഛന്‍ യാത്ര ആയതു.
പിന്നീടു സ്വന്തം ഭാവി ഒന്നും ഒരു വിഷയമല്ലാതെ ആയി. അച്ഛന് ഇല്ലാത്ത ശൂന്യത അമ്മയെ വേറെ ഒരു ലോകത്ത് കൊണ്ടെത്തിച്ചു. ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അല്ലെ ഒരു ഉത്സാഹം വരൂ. എട്ടന് ഒന്നിലും ഒരു നിര്‍ബന്ധം ഇല്ലാത്ത സ്വഭാവം.
മോള്‍ സ്കൂളില്‍ ചേര്‍ന്നപ്പോള്‍ വീണ്ടും പഠനം. റാങ്ക് നിലനിര്‍ത്തണം എന്ന ആഗ്രഹം എങ്ങോ ഉപേക്ഷിച്ചു എങ്ങനെയും ജയിച്ചാല്‍ മതി എന്ന വിചാരത്തില്‍ കോഴ്സ് ചെയ്തു തീര്‍ത്തു. പിന്നെ സ്കൂള്‍ അദ്ധ്യാപികയുടെ വേഷം. കുട്ടികളുടെ കൂടെ എന്നും കഴിയാന്‍ ഉള്ള ഇഷ്ടം കൊണ്ട് നേടി എടുത്ത ജോലി.
ഓരോ ഷര്‍ട്ടും നോക്കി നടന്നപ്പോള്‍ ഒന്നും ശരി ആകാതെ അവള്‍ നിരാശ ആയി. അവസാനം കണ്ണില്‍ തടഞ്ഞു  കാത്തിരുന്ന ആ നിറം. എട്ടന് പ്രീയപ്പെട്ട ആ മെറൂണ്‍ കളര്‍. സ്നേഹം ഒരിക്കലും പാഴാവുക ഇല്ലെന്നു ഒരു സാക്ഷ്യം പോലെ. ബില്ല് അടച്ചു കഴിഞ്ഞു അവള്‍ കൂട്ടുകാരിയോടൊപ്പം തിരക്കിട്ട് പുറത്തിറങ്ങി.

വീട്ടിലേക്കുള്ള ഓട്ടോയില്‍ ഇരുന്നപ്പോള്‍ ഒന്നു മാത്രം പ്രാര്‍ത്ഥിച്ചു, ഏട്ടന്‍ എത്തിയിട്ട് ഉണ്ടാകല്ലേ. വീട്ടില്‍ എത്തിയപ്പോള്‍ പൂട്ടി തന്നെ കിടപ്പാണ്. നേരെ കവര്‍ അലമാരയില്‍ ഒളിപ്പിച്ചു. `രാവിലെ ആയെങ്കില്‍’ അവള്‍ വല്ലാതെ ആഗ്രഹിച്ചു പോയി.

No comments: