`തിരുവനന്തപുരം’ ടെസ്റ്റ്
സെന്‍റര്‍ കണ്ടപ്പോള്‍ ഞാന്‍ എന്‍റെ മാഷിനെ ആണ് ഓര്‍ത്തത്. സാറിനെ വിളിച്ചപ്പോള്‍
സന്തോഷപൂര്‍വ്വം ക്ഷണിച്ചു.
``പോന്നോളൂ കുട്ട്യേ’’.
ബസ് ഇറങ്ങുമ്പോള്‍ കാറുമായി
ഡ്രൈവര്‍ കാത്ത് നില്‍ക്കുന്നു. ഞാനും അച്ഛനും കാറില്‍ കയറി. അവിടെ എത്തുമ്പോള്‍
നേരം വെളുക്കുന്നതേ ഉള്ളൂ.
ഒന്ന് കൂടി കിടക്കാന്‍ സമയം
ഉണ്ട്. ആവി പറക്കുന്ന ചായ മേശപ്പുറത്തു വന്നപ്പോള്‍ സാര്‍ ഓര്‍മിപ്പിച്ചു.
ഞാന്‍ ``ആയമ്മ’’യുടെ മുറിയില്‍
പോയി നോക്കി.
നല്ല ഉറക്കം. വിഷ്ണു തല്പത്തിലെ
മഹാലക്ഷ്മി പോലെ തോന്നിച്ചു ആ മുഖം.
പന്ത്രണ്ടു വര്ഷം തികയുന്നു
ആയമ്മ ഇങ്ങനെ കിടക്കയില്‍ തന്നെ ആയിട്ടു. പക്ഷെ അമ്മയെ കണ്ടാല്‍ അങ്ങനെ തോന്നില്ല.
ഇലക്കുറിയും കുങ്കുമവും....... ആ നെറ്റിയിലെ അലങ്കാരങ്ങള്‍ ഒരിക്കലും മാറാതെ. ആ
മുറിയിലെ ചന്ദന സുഗന്ധം ഒരു രോഗിയുടെ കിടപ്പറയുടെ മണം ഇല്ലാതെ.
തിരക്കുകള്‍ക്കിടയില്‍
സാറിന് എങ്ങനെ ഇതിനൊക്കെ........ഞാന്‍ എന്നും അതിശയിച്ചു പോയിട്ടുണ്ട്.
രാവിലെ പല്ല് ക്ലീന്‍
ചെയ്യാന്‍ നേഴ്സ് വന്നപ്പോള്‍ ഞാനും ആ മുറിയിലേക്ക് പോയി.
നമ്മുടെ ബാലകൃഷ്ണന്റെ മകള്‍
``വിഷ്ണുപ്രിയ’’ യെ ഓര്‍ക്കണ്‌ണ്ടോ ഇയാള്‍’’. ശബ്ദം കേട്ട് കുറെ നേരം എന്നെ നോക്കി
ഇരുന്നു.........കണ്ണുകളുടെ തിളക്കം
കൂടിയത് പോലെ. രണ്ടു പളുങ്ക് മുത്തുകള്‍ പെയ്യാന്‍ വെമ്പി നില്‍ക്കുന്ന പോലെ. ഈ
അമ്മയുടെ കൈകൊണ്ടു ഉണ്ടാക്കിയ ഭക്ഷണം കുറെ കഴിച്ചിട്ടുണ്ട്. അതൊക്കെ
ഓര്ക്കുന്നുണ്ടാവുമോ അമ്മ................
നേഴ്സ് പോകാന്‍
തുടങ്ങിയപ്പോള്‍ സാര്‍ ഇരുനൂറു രൂപ നീട്ടി. അപ്പോഴേക്കും ചൂട് വെള്ളവുമായി മായി
അമ്മ വന്നു. ദേഹം തുവര്‍ത്തി എടുക്കുമ്പോള്‍ സാര്‍ കൂടെ നിന്നു. തൃപ്തി വരാന്‍
വേണ്ടി.......... പിന്നെ അമ്പലത്തിലെ മഞ്ഞള്‍ ക്കുറിയും
കുങ്കുമവും............ക്രമത്തില്‍, അമ്മ തൊടുന്ന പോലെ.
പ്രാതല്‍ കഴിച്ചു ഞങ്ങള്‍
ഒരുമിച്ചു പുറപ്പെട്ടു. പരീക്ഷ സ്ഥലത്ത് ഇറക്കി സാര്‍ തന്‍റെ കുട്ടികളുടെ
അടുത്തേക്ക്. കുട്ടികള്‍ എന്നാല്‍ സരിനെക്കള്‍ പ്രായം ഉള്ളവരും മധ്യവയസ്സു
പിന്നിട്ടവരും ഒക്കെയാണ് കൂടുതല്‍.
അടുത്ത മാസം നവതി
ആഘോഷിക്കുന്ന മനുഷ്യനാണ് ആ കടന്നു പോയത്. വീട്ടിലെ സങ്കടങ്ങള്‍ക്കും തിരക്കുകള്‍ക്കും
ഇടയിലും വേദം പ്രചരിപ്പിക്കാന്‍ ........ പഠിപ്പിക്കാന്‍ സമയം കണ്ടെത്തുന്ന വലിയ മനുഷ്യന്‍.
ഇതിനിടക്ക് എത്ര പുസ്തകങ്ങള്‍.........
വേദം ചൊല്ലല്‍ അധര
വ്യായാമവും ഉദര പൂരണവും മാത്രം ഒതുങ്ങുന്ന കാലത്ത് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു
കൊടുത്തു, ജീവിതത്തില്‍ ആചരിക്കുന്ന എന്‍റെ ഗുരുനാഥന്‍. പരാതികളും പരിഭവവും നിറഞ്ഞ
ദാമ്പത്യങ്ങള്‍ക്ക് മുന്നില്‍ എന്നും ഒരു മാതൃക ആയി.............
വൈകിട്ട് ഞങ്ങള്‍ ഒരുമിച്ചു
തിരിച്ചു വന്നു. വീട്ടില്‍ നിന്ന് ഗായത്രിമന്ത്രം കേള്‍ക്കുന്നു. ഭക്ഷണം കഴിച്ചു കുളിച്ചു
ശുദ്ധമായി സന്ധ്യാ വന്ദനത്തിനു സര്‍ തയാറായി. പൂജ മുറിയിലെ ചെറിയ കട്ടിലില്‍
അമ്മയെ എത്തിച്ച ശേഷം വിളക്ക് കൊളുത്തി പൂജ ചെയ്തു അദ്ദേഹം.
പ്രാര്‍ത്ഥന കഴിഞ്ഞു റൂമില്‍
അമ്മയെ എത്തിച്ചിട്ട് തെല്ലു നേരം മുറ്റത്തു ഞങ്ങള്‍ ഇരുന്നു. പുറത്തു വിരിഞ്ഞു
നില്‍ക്കുന്ന പൂക്കളുടെ സുഗന്ധം. അമ്മ കാത്ത് സൂക്ഷിച്ചിരുന്ന പോലെ ആ ചെറിയ
തോട്ടം...ഒരു മാറ്റവും ഇല്ലാതെ.
എന്തിനാണ് ഞാന്‍
അമ്പലത്തില്‍ പോകുന്നത് എന്‍റെ അച്ഛനെ വണങ്ങിയാല്‍ പോരെ. കുക്കു പറയുന്നത് ഞാന്‍
ഓര്‍ത്തു. അവള്‍ ഇന്ന് ഭര്‍ത്താവിനോടൊപ്പം ആണ്. അവള്‍ പറഞ്ഞത് എത്ര ശരിയാണ്. ഞാന്‍
ആലോചിച്ചു.
പാല്‍ ക്കഞ്ഞി
കോരിക്കൊടുത്തു തൂകിപ്പോകുന്നത് ടവല്‍ കൊണ്ട് തുടച്ചെടുക്കുന്ന എന്‍റെ മാഷിനെ
കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ ഓര്‍ത്തു സാര്‍ പഠിപ്പിക്കുന്ന കുട്ടികള്‍ക്ക്
``സാറിന്റെ ഒരു ദിവസം’’ കാട്ടിക്കൊടുത്താല്‍. വേദത്തെക്കാള്‍ മഹത്തായ ജീവിത പാഠം
ആകും അത്.
അമ്മയെ റൂമില്‍ നല്ലവണ്ണം
പുതപ്പിച്ചു കിടത്തി ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോയി. സാറിന്റെ മുഖത്തെ പ്രസന്നത
കണ്ടപ്പോള്‍ എനിക്ക് തോന്നി. ഈ മനുഷ്യനെ ഭര്‍ത്താവായി കിട്ടിയ ആയമ്മ എത്ര ഭാഗ്യവതി
ആണ്. രഞ്ചു വിനെക്കൂടി കൂടെ കൂട്ടാത്തതില്‍ ഞാന്‍ പശ്ചാത്തപിച്ചു. അവനു ഒരു മാതൃക
ആകുമായിരുന്നു ഈ ഗുരുനാഥന്‍.
വിവാഹം കഴിഞ്ഞു ആദ്യ യാത്ര ഇവിടേയ്ക്ക്
തന്നെ. ഞാന്‍ മനസ്സില്‍ തീരുമാനിച്ചു.
ടെസ്റ്റ് ജയിച്ചാലും
ഇല്ലെങ്കിലും വലിയ ഒരു അനുഭവം ആയി എന്‍റെ ആ തിരുവനന്തപുരം യാത്ര.
No comments:
Post a Comment