Wednesday, May 27, 2015

കലഹം

അന്ന് തിരിച്ചു പോയപ്പോള്‍ ഞാന്‍ അമ്മായിയെ കൂടെ കൂട്ടി. ആ വലിയ വീട്ടില്‍ ഒറ്റയ്ക്ക് എത്ര നാള്‍. ഭര്‍ത്താവു മരിച്ചു പതിനാറു കഴിഞ്ഞിട്ടേ ഉള്ളൂ. എന്നാലും അമ്മായി എതിര്‍ത്തില്ല. മക്കള്‍ ഇല്ല എന്നൊരു സങ്കടം തോന്നാതിരിക്കാന്‍ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടാളും അത് കൊണ്ട് തന്നെ വളരെ സന്തോഷത്തോടെ കഴിഞ്ഞു വരുക ആയിരുന്നു.
വീട്ടില്‍ അമ്മായി കൂടി ആയപ്പോള്‍ അകെ ക്കൂടി ഒരു പൊരുത്തക്കേട്. അമ്മായിയുടെ ഒഴിഞ്ഞ കൈ തണ്ടയില്‍ രണ്ടു വളകള്‍ കണ്ടപ്പോള്‍.............   അമ്മക്ക് മോളുടെ സ്നേഹം കുറയുന്നോ എന്നൊരു സംശയം. ഞാന്‍ ഉള്ളപ്പോള്‍ നിനക്ക് സ്നേഹിക്കാന്‍ വേറെ ഒരാളോ.......... സംശയം പൊട്ടിത്തെറിച്ചു തുടങ്ങിയപ്പോള്‍ അച്ഛന്‍ പറഞ്ഞു ഞങ്ങള്‍ അനിയത്തിയുടെ വീട്ടിലേക്കു മാറാം. ആരും ഇല്ലാത്ത ആളിനെ നീ നോക്കണം.
ഇങ്ങനെ ഒരു അച്ഛനെ കിട്ടിയില്ലായിരുന്നെങ്കില്‍!!! എനിക്ക് ഓര്മ വന്നത് പണ്ട് ചോറ് കലം വായു സഞ്ചാരം നടത്തുന്ന ദിവസങ്ങള്‍ ആണ്. രണ്ടാളും കലഹിച്ചാല്‍ പിന്നെ ആഹാര സാധനങ്ങളും പാത്രവും ഒക്കെ വായുവില്‍ പറന്നു നടക്കും. എന്നാലും ഉച്ചയ്ക്ക് സ്കൂള്‍ വരാന്തയില്‍ അച്ഛന്‍ കാത്തു നില്‍ക്കും. മൂന്നാള്‍ക്കും ആഹാരവുമായി.
പക്ഷെ പരസ്പരം കലഹിക്കുന്ന അച്ഛനും അമ്മയ്ക്കും ഇടയില്‍ ഒറ്റപ്പെട്ടത് വല്യേട്ടന്‍ ആയിരുന്നു. നല്ലവണ്ണം വരയ്ക്കുകയും എഴുതുകയും ചെയ്യുമായിരുന്ന ഏട്ടന്‍ വല്ലാതെ നിശബ്ദനായി. പഠനം ശ്രദ്ധിക്കാതെ. ഏട്ടന്‍റെ ഭാവി തകര്‍ന്നത് ഓര്‍ക്കുമ്പോള്‍ ഇന്നും ഒരു വൈദ്യുതപ്രവാഹം ആണ് സിരകളില്‍.
ഇന്ന് അതൊക്കെ വെറും തമാശ പോലെ. പക്ഷെ അന്ന് ഓരോ ദിവസവും ഓരോ യുഗങ്ങള്‍ തന്നെ ആയിരുന്നു.
പതിനേഴാം വയസില്‍ ഒരു രക്ഷപ്പെടല്‍ പോലെ വിവാഹം. പ്രീഡിഗ്രി ക്ക് പഠിക്കുമ്പോള്‍ വയല്‍ വരമ്പില്‍ എതിരെ വന്ന ആളിനെ ചൂണ്ടി അനിയത്തി പറഞ്ഞു.........ഇതാണ് ചേച്ചിയെ കെട്ടാന്‍ പോകുന്ന ചെക്കന്‍. ഉയര്‍ത്തിക്കെട്ടിയ മതിലിനു മുകളിലെ ആകാശം മാത്രം കണ്ടിരുന്ന, പുറം ലോകം കാണാതെ വളര്‍ന്ന, എനിക്ക് പുതിയ ഒരു കളിപ്പാട്ടം കിട്ടുന്ന പോലെ തോന്നി. പിന്നെ പലപ്പോഴും ഞാന്‍ യാത്രക്കാരി ആയ വാഹനത്തില്‍ ഏട്ടന്‍ കണ്ടക്ടര്‍ ആയി വന്നപ്പോള്‍ ഒക്കെ അവള്‍ കളിയാക്കി............. ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ.

അവിടുന്ന് പിന്നെ ഒരു വിഷമവും അറിഞ്ഞിട്ടില്ല. കുഞ്ഞിലേ അച്ഛനും അമ്മയും മരിച്ച ഏട്ടനെ വളര്‍ത്തി വലുതാക്കിയത് അമ്മായി ആയിരുന്നു. അത് കൊണ്ട് മക്കള്‍ ഇല്ലാത്ത വിഷമം അറിഞ്ഞില്ല ഏട്ടന്‍. ഇങ്ങനെ നല്ലൊരു മനുഷ്യനെ തന്ന അമ്മായി ഒറ്റയ്ക്ക് ഒരു വീട്ടില്‍ .............ആലോചിക്കാനേ വയ്യായിരുന്നു എനിക്ക്.

No comments: