മോളുടെ അരങ്ങേറ്റമാണ്.
ഏട്ടന്‍ വരണം. ഫോണ്‍ വന്നപ്പോള്‍ മുതല്‍ മനസ്സില്‍ തുള്ളിച്ചാട്ടം ആണ്. അനിയത്തിയുടെ
നടക്കാതെ പോയ സ്വപ്നവും അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹവും ആയിരുന്നു. അവളെ നൃത്ത
മേഖലയില്‍ വളര്‍ത്തിക്കൊണ്ടു വരണം എന്ന്.
പക്ഷെ അച്ഛന്‍റെ മരണം കൊണ്ട് വന്ന ആഘാതം കുറച്ചായിരുന്നില്ല. പിന്നെ അവള്‍ ചിലങ്ക അണിഞ്ഞില്ല. ആരു നിര്‍ബന്ധിച്ചിട്ടും. കാണാന്‍ അച്ഛന്‍ ഇല്ലാതെ എനിക്ക് നൃത്തം ചെയ്യണ്ട. അവള്‍ വാശി പിടിച്ചപ്പോള്‍ .....ഇടയ്ക്കു നിര്‍ബന്ധിച്ചു സ്റ്റേജില്‍ കയറിയ അവള്‍ മുഴിമിക്കാതെ പൊട്ടി ക്കരഞ്ഞു കൊണ്ട് വേദി വിട്ടത് ഇന്നും ഓര്‍മയുണ്ട്. അതിനു ശേഷം അവളെ നിര്‍ബന്ധിക്കാന്‍ പോയില്ല.
അനിയത്തിയുടെ അതേ കഴിവ് മോള്‍ക്ക് കിട്ടിയപ്പോള്‍ എല്ലാപേരും സന്തോഷിച്ചു. പറഞ്ഞു കൊടുക്കുന്ന പാഠങ്ങള്‍ ഗ്രഹിച്ചെടുക്കാന്‍ അവള്‍ക്കുള്ള കഴിവ് ഒന്ന് വേറെ തന്നെ ആയിരുന്നു. ജന്മ വാസന അതൊന്നു വേറെ ആണ്. അതിനൊപ്പം സമര്‍പ്പണവും ആകുമ്പോള്‍ പൊന്നിന് സുഗന്ധം ചേര്‍ന്ന പോലെ.
വളരെ അധികം ആലോചിച്ചു നടത്തിയതാണ് അവളുടെ കല്യാണം. അതും ഒരു പരാജയം ആയി. അച്ഛന്റെ സുഹൃത്തിന്‍റെ മകന്‍. മനുഷ്യനെ ചൂഴ്ന്നു നോക്കാന്‍ പറ്റില്ലല്ലോ. തുടക്കത്തില്‍ വലിയ കുഴപ്പം ഇല്ലാതെ ജീവിക്കുക ആയിരുന്നു. പിന്നീടാണ് അറിഞ്ഞത് ജോലി സ്ഥലത്ത് അയാള്‍ക്ക് ഉള്ള ഒരു ബന്ധം. കൂടെ ജോലി ചെയ്യുന്ന സ്ത്രീ.
പിന്നെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോന്ന ഭാര്യയെ തിരിച്ചു കൊണ്ട് വരാനുള്ള ശ്രമം. നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചയായി. തല കുനിഞ്ഞു പോയ നാളുകള്‍. അവളുടെ ജീവിതത്തിലെ രണ്ടാമത്തെ വലിയ ദുരന്തം ആയി അത്. എല്ലാം അറിഞ്ഞിട്ടും ആളെ ദൈവത്തെപ്പോലെ അവള്‍ സ്നേഹിച്ചു. ഒരു വശത്ത് കടം തലക്കു മീതെ ആയതു അറിഞ്ഞത് വളരെ വൈകി. മദ്യപാനവും അന്യ ബന്ധവും കൊണ്ട് വന്ന സമ്പാദ്യം.
ജോലിക്ക് പോകുന്നത് ചുരുക്കമായി. എല്ലാത്തിനും വിരാമം ഇട്ടു കൊണ്ട് ഒരു ആത്മഹത്യ. കുറ്റപ്പെടുത്താനും വാദിക്കാനും ഒരുപാടുപേര്‍. അയാളുടെ ചീത്ത സ്വഭാവം അറിയുന്നവര്‍ തന്നെ അനിയത്തിയെ കുറ്റപ്പെടുത്തി. എല്ലാം ഒറ്റക്ക് ആണ് അവള്‍ നേരിട്ടത്.
പതിയെ അവള്‍ ജീവിതത്തിലേക്ക് മടങ്ങി വന്നു. മോളെ പ്രോത്സാഹിപ്പിച്ചു, അതിനിടയില്‍ ഭര്‍ത്താവിന്‍റെ ഒരു ജോലിയും. അവള്‍ ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ താന്‍ കൂടി സഹായിച്ച് ചെറിയൊരു വീട്. ഇന്ന് അവള്‍ സന്തോഷത്തോടെ കഴിയുന്നു.
അച്ഛന്റെ ഇള്ളക്കുട്ടി ആയിരുന്ന അവള്‍ പോരാടി നേടിയ വിജയങ്ങള്‍ ആയി പിന്നെ. നാളെ മോളുടെ അരങ്ങേറ്റം നടക്കുമ്പോള്‍ അച്ഛനും വേറെ ഏതോ ലോകത്തിരുന്ന്‍ എല്ലാം കാണുന്നുണ്ടാകും. ഞാന്‍ പോലും തളര്‍ന്നു പോയിടത്താണ് അവള്‍ പിടിച്ചു നിന്നത്. വല്ലാത്ത ഒരു ധൈര്യം ആയിരുന്നു അവളുടേത്.
മോളെ ഒരുക്കി ഇറക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ കലങ്ങുന്നതു കണ്ടു. അച്ഛനെ ഓര്‍ത്തിട്ട്. അച്ഛന്‍ ആണ് അവളെ ഒരുക്കുന്നതും സ്റ്റേജില്‍ അനുഗ്രഹിച്ചു വിടുന്നതും. അമ്മക്ക് എന്നും കാഴ്ച്ചക്കാരിയുടെ റോള്‍ ആയിരുന്നു.
മോളുടെ നൃത്തം നടക്കുമ്പോള്‍
അവള്‍ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു. സന്തോഷം കൊണ്ട്. അവളുടെ ചുവടുകള്‍ അത്ര
തികവുള്ളതായിരുന്നു. ഞാന്‍ എല്ലാം വീഡിയോ പകര്‍ത്തുമ്പോള്‍ കരഞ്ഞു കലങ്ങിയ
കണ്ണുകളോടെ അമ്മയും അനിയത്തിയും. വന്പിച്ച കരഘോഷം ആയിരുന്നു. കാണികള്‍ എഴുന്നേറ്റു
നിന്ന് ആദരിച്ച ചടങ്ങ്. അതു കണ്ടു നിന്നപ്പോള്‍ മനസിലായി അച്ഛന്റെ ആത്മാവിന്‍റെ
ശക്തി കൂടിയാണ് മകള്‍ക്ക് കിട്ടിയതു എന്ന്.
No comments:
Post a Comment