Wednesday, May 27, 2015

മുത്തശ്ശി



പത്രം വായിച്ചു കണ്ണ് കഴച്ചപ്പോള്‍ മുത്തശ്ശി തിരിഞ്ഞു നോക്കി.
ഉണ്ണിക്കുട്ടന്‍ വച്ചിട്ട് പോയ കിറ്റ്‌കാറ്റ് മാടി വിളിക്കുന്നു. കയ്യ് നീട്ടി എടുക്കാന്‍ പാകത്തിന്.
മുത്തശ്ശി കയ്യില്‍ എടുത്തു തിരിച്ചും മറിച്ചും നോക്കി. വായില്‍ വെള്ളം ഊറുന്നു.
`ഒന്ന് മുത്തശ്ശിക്ക് ഒന്ന് എനിക്ക്'. അവന്റെ കൊഞ്ചല്‍; കാതില്‍ കേള്ക്കു ന്നു.
കുഞ്ഞു കൂടി വരട്ടെ. അവന്റെ അമ്മ കാണാതെ പതുങ്ങി ഒരു വരവുണ്ട്. മധുരം തരാന്‍. കണ്ടാല്‍ അവന്റെ തോല് പൊളിഞ്ഞത് തന്നെ.
ഇനി എന്ത് ചെയ്യും...........മുത്തശ്ശി വാച്ച് നോക്കി. പത്തു മണി ആയതേ ഉള്ളൂ. ഇനി മൂന്നു മണി വരെ എന്ത് ചെയ്തു സമയം കളയും.
ഇന്നലെ ഇങ്ങനെ ഇരുന്നപ്പോള്‍ ആണ് ആ സ്ത്രീ കയറി വന്നത്. വര്ത്തമാനം പറഞ്ഞിരുന്നു സമയം പോയത് അറിഞ്ഞില്ല.
അവസാനം ചോറ് കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് മോന്‍ കയറി വന്നത്. അവര്‍ പോയി കഴിഞ്ഞപ്പോള്‍ പിന്നെ വിസ്താരം ആയി. ആരാ എന്താ എന്നൊക്കെ.
എനിക്ക് ഇവര്‍ പറയുന്നത് ഒന്നും മനസ്സിലാകില്ല. മനുഷ്യനോട് സ്നേഹത്തോടെ സംസാരിച്ചു ഭക്ഷണം കൊടുത്ത് വിടുന്ന ആളിനെ എങ്ങനെയാ ഉപദ്രവിക്കാന്‍ കഴിയുക.
നാട്ടില്‍ കല്ല്‌ കൊത്താന്‍ വരുന്ന അല്ലി ഇങ്ങനെ അല്ലേ.
നടന്നു തളര്ന്നു വരുമ്പോള്‍ ``അമ്മാ വെള്ളം’. അത് കേള്ക്കു മ്പോള്‍ തന്നെ എനിക്ക് അറിയാം. കുറച്ച്‌ ചോറും ഉപ്പു മാങ്ങായും ഒക്കെ ഒഴിച്ച് വിശപ്പ്‌ മാറാന്‍ ....................അവള്‍ കുടിച്ചു കഴിഞ്ഞ് നന്ദിയോടെ ഒരു നോട്ടം ഉണ്ട്. എത്ര കാശു കൊടുത്താലും കിട്ടാത്ത സ്നേഹം ആണ് അത്.
ഇവിടെ അതൊക്കെ അഭിനയം ആണത്രേ. ഈ അസുഖം ഒന്ന് കുറഞ്ഞു കിട്ടിയെങ്കില്‍ നാട്ടില്‍ എന്റെന ഇഷ്ടത്തിന് അനുസരിച്ച്........
ആ തൊടിയില്‍ ഒക്കെ കയറി ഇറങ്ങി നടക്കുമ്പോള്‍ തന്നെ എന്തൊരു സമാധാനം ആണ്.
ഇത് പോലെ കഴിഞ്ഞ വരവിലും ഒരു സംഭവം ഉണ്ടായി. ആ പയ്യന്‍ ബുക്ക്‌ വില്ക്കാ ന്‍ വന്നതായിരുന്നു.............കുറച്ചു വെള്ളം ചോദിച്ച് വിശ്രമിച്ച്‌ അവസാനം ഒന്ന് ഫോണ്‍ ചെയ്യണം എന്ന് പറഞ്ഞു. വെറുതെ ബില്‍ അടച്ച് ഒരു ഫോണ്‍ വെറുതെ ഇരിക്കുവല്ലേ. ഞാന്‍ അനുവാദം കൊടുത്തു. പോകാന്‍ നേരം അവന്‍ നമ്പര്‍ കുറിച്ചെടുത്തത് ഞാന്‍ അറിഞ്ഞില്ല.
പിന്നീട് ഉണ്ടായ പുകില്‍ ഒന്നും പറയണ്ട. ഒരു ആഴ്ച തകര്ത്തു വിളിയായിരുന്നു ഫോണില്‍. അവസാനം പരാതി കൊടുത്താണ് അവനെ ഒതുക്കിയത്.
അമ്മ ഇത്ര വര്ഷം ജീവിച്ചിട്ട് ഇനിയും ഒന്നും പഠിച്ചില്ലേ? മോന്‍ ചോദിച്ചപ്പോള്‍ എനിക്ക് ഉത്തരം ഇല്ലായിരുന്നു. പട്ടണത്തില്‍ ജീവിക്കാന്‍ പ്രത്യേകം പഠിക്കണം എന്ന്. ഗ്രാമത്തിലുള്ളവര്‍ പട്ടണത്തില്‍ എത്തുമ്പോള്‍ ജീവിതം പുതിയതായി പഠിക്കണോ. എനിക്ക് അറിയില്ലേ.
ഈ പഞ്ചസാര ഒന്ന് താഴ്ന്നെങ്കില്‍...................തിരികെ പോകാം ആയിരുന്നു.
സാധാരണ എന്റെ രോഗവും ആകുലതകളും ഒന്നും വിളിച്ചു പറയാത്തതാണ്. ഇത് കുഞ്ഞുട്ടന്റെ റിസള്ട്ട് പറയാന്‍ വന്നപ്പോള്‍ കയ്യൊടിഞ്ഞു കിടക്കുന്നു. വിളിച്ചു പറയാത്തതിനു അവന്‍ കുറെ പരിഭവം പറഞ്ഞു. പിന്നെ നിര്ബ്ന്ധിച്ചു കൂട്ടി കൊണ്ട് വന്നതാ.
അവരുടെ തിരക്കുകളും ഞാന്‍ അറിയേണ്ടതല്ലേ. പണിക്കാരി വന്നില്ലേല്‍ താളം തെറ്റുന്ന ജീവിതം. ഞാനും കൂടെ എങ്ങനെ. ഒഴിവു കഴിവുകള്‍ ഒന്നും വകവയ്ക്കാതെ ഇരുന്നിട്ട്. എന്നാല്‍ വാതിലും ഗേറ്റും പൂട്ടി പോകാന്‍ പറഞ്ഞാല്‍ കേള്ക്കണ്ടേ. അതും ചെയ്യില്ല. അമ്മയെ ഞാന്‍ തടവില്‍ ഇടാന്‍ കൊണ്ട് വന്നതല്ലത്രേ.
ഹലോ ഹലോ ആരോ പുറത്തു നിന്ന് വിളിക്കുന്നുണ്ട്.
ഒന്നും വേണ്ട. മുത്തശ്ശി മറുപടി പറഞ്ഞു.
അല്ല ടെലഫോണ്‍ നന്നാക്കണം എന്ന് പറഞ്ഞിട്ട്. വന്ന ആള്‍ പിറുപിറുത്തു കൊണ്ട് പോയി.
വേണ്ട ഞാന്‍ ആയി ഇനി ആരെയും വിളിച്ചു കയറ്റി എന്ന് വേണ്ട. മുത്തശ്ശി രണ്ടു മൂന്നു ദിവസത്തേക്ക് `നന്നാവാന്‍' തീരുമാനിച്ചു.

No comments: