ബസ് ഇറങ്ങി അവള്‍ വേച്ച് വേച്ച് നടന്നു. കാര്ന്നു തിന്നുന്ന വിശപ്പ് കാലുകളെ പിന്നാക്കം വലിക്കുന്നു. ഈ ഭാഗത്തെവിടെയോ ആണ് താന്‍ അന്വേഷിക്കുന്ന വീട്.
ഇരുപതു വര്ഷം കൊണ്ട് റോഡിനു വല്ലാത്ത മാറ്റം. ഇടവഴി ഒക്കെ ടാര്‍ ചെയ്തു ഭംഗി ആക്കിയിരിക്കുന്നു. എങ്ങും മണിമാളികകള്‍ മാത്രം. അന്ന് ആ വീട് ആയിരുന്നു ഇവിടെ തല ഉയര്ത്തി നിന്നിരുന്നത്. ഇന്ന് പക്ഷെ തിരിച്ചറിയാന്‍ പറ്റാതെ കുറെ ഏറെ വീടുകള്‍.
വഴിയില്‍ കണ്ട പഴക്കച്ചവടക്കരനില്‍ നിന്ന് അവള്‍ ഒരു കിലോ ഓറഞ്ച് വാങ്ങി കുട്ടികള്ക്ക് കൊടുക്കാം. അവളുടെ മനസ്സില്‍ അപ്പോഴും അവിടുത്തെ കുട്ടികള്‍ മണ്ണപ്പം ചുട്ടു കളിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. അവര്‍ വളര്ന്നതും കോളേജ് വിദ്യാര്ഥികള്‍ ആയതും അവള്ക്ക് അറിയില്ലായിരുന്നു. കുറേ നാളായി ഒരു കട്ടിലിനു ചുറ്റും കറങ്ങിത്തിരിഞ്ഞ് കാലം അവള്‍ക്കു മുന്നില്‍ നിശ്ചലം ആണല്ലോ.........
അവിടെ തറ തുടയ്ക്കുന്ന ജോലി എങ്കിലും കിട്ടിയാല്‍ വീട്ടില്‍ രോഗി ആയി കിടക്കുന്ന കുട്ടികളുടെ അച്ഛന് മരുന്ന് വാങ്ങാന്‍ ഉള്ള കാശെങ്കിലും.............. അദ്ദേഹം എഴുന്നേറ്റു നടന്നാലേ അഷ്ടിക്കുള്ള വക കിട്ടൂ. മകനെ കൂടെ കൊണ്ട് നിറുത്തി പഠിപ്പിക്കാന്‍ പറ്റൂ. കണക്കു കൂട്ടലുകള്‍ നീണ്ടതാണ്........
പെട്ടെന്ന് ഒരു കാര്‍ അവളെ കടന്നു പോയി. കുറച്ചു ദൂരം ചെന്ന് ഒരു ഗേറ്റിനു മുന്നില്‍ നിന്നു.
ഈ മുഖം.......ഇത് പരിചയം ഉള്ളതാണല്ലോ. പെട്ടെന്ന് അവള്ക്കു ഓര്മ വന്നു കോളേജില്‍ തന്റെ തൊട്ട് അടുത്തിരുന്നു പഠിച്ച കൂട്ടുകാരന്‍. ഇന്ന് അവന്‍ ഒരുപാടു വളര്ന്നു സ്വന്തം സ്ഥാപനം ഒക്കെ ആയി...........താന്‍ അന്വേഷിച്ചു വന്ന ആളെ കണ്ട സന്തോഷത്തില്‍ അവള്‍ വേഗം നടന്നു. അവള്‍ നോക്കുമ്പോള്‍ വേറെയും ആള്ക്കാര്‍ അങ്ങോട്ട് കയറുന്നുണ്ട്.
നേരിയ ഇരുട്ട് വീണു തുടങ്ങുന്നു. സാരി തലയില്‍ വലിച്ചിട്ടു അവള്‍ മുഖം ഒളിപ്പിക്കാന്‍ ശ്രമിച്ചു. ഗേറ്റിനു മുന്നില്‍ സെക്യൂരിറ്റി അവളെ തടഞ്ഞു. ``പഴയ പരിചയക്കാരി ആണ്. ഒരു ജോലി തരാം’’ എന്ന് പറഞ്ഞിരുന്നു. അവള്‍ ഒരു കള്ളം പറഞ്ഞു.
``ഇന്ന് തിരക്കാണ്---കുട്ടിയുടെ വിവാഹ നിശ്ചയം. പോയിട്ട് പിന്നീട് വരൂ’’. ഇത്രയും പറഞ്ഞു അയാള്‍ ഉള്ളിലേക്ക് നടന്നു. അപ്പോള്‍ അവള്‍ കണ്ടു........തന്നെ കഴിഞ്ഞു പോകുന്ന വാഹനങ്ങള്‍........പരിചയക്കാര്‍......... ഇരുട്ട് വീണു തുടങ്ങിയത് എത്ര ആശ്വാസമാണ്. ആരും തിരിച്ചറിയില്ല.
ഉള്ളില്‍ പാത്രം കിലുങ്ങുന്ന ഒച്ചയും ഫോട്ടോ എടുക്കുന്ന തിരക്കും......ആളും ബഹളവും. ``ഈ ആര്ഭാടം കുറച്ചിട്ട് എന്നെ പ്പോലുള്ള പാവങ്ങള്ക്ക് .........’’.
നോക്ക് കുത്തി ആകണ്ട എന്ന് നിശ്ചയിച്ചു അവള്‍ തിരിഞ്ഞു നടന്നു. തന്നെപ്പോലെ തന്നെ മുഷിഞ്ഞു തുടങ്ങിയ ആ സമ്മാനവും നെഞ്ചോടു ചേര്ത്ത് ........ ഇനി എന്ത് ചെയ്യണം എന്നോ ഏതു വാതിലില്‍ മുട്ടണം എന്നോ അറിയാതെ.......
No comments:
Post a Comment